
ഗില്ലാട്ടം സൂപ്പർ സെഞ്ച്വറി.. മാസ്സ് 5 വിക്കെറ്റ് പ്രകടനവുമായി ഭുവി
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ശുഭമാൻ ഗില്ലിന്റെ വിളയാട്ടം. ഗുജറാത്ത് ടൈറ്റൻസിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് ഗിൽ കാഴ്ചവച്ചത്. മത്സരത്തിൽ 56 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തീകരിച്ച് ഗിൽ ഹൈദരാബാദിനെ ഞെട്ടിക്കുകയുണ്ടായി. ഗില്ലിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മുൻപ് ഇന്ത്യൻ ടീമിന് വേണ്ടി പലതവണ ഗില്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് ആദ്യമായാണ്.
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ മികച്ച തുടക്കം തന്നെയാണ് ഹൈദരാബാദിന് നൽകിയത്. ഗുജറാത്തിന്റെ ഓപ്പണർ സാഹയെ(0) ഭൂവി തുടക്കത്തിൽ തന്നെ മടക്കി. എന്നാൽ ഗിൽ എന്ന അപകടകാരിയായ ബാറ്റർ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ ഗുജറാത്തിനായി റൺസ് കണ്ടെത്തുന്നതിൽ വീണ്ടും ഗിൽ വിജയം കണ്ടു. കൃത്യമായ ഗ്യാപ്പുകളിലൂടെ ഷോട്ടുകൾ കളിച്ച് ഗുജറാത്തിന് മത്സരത്തിൽ മേൽക്കോയ്മ നേടിക്കൊടുക്കാൻ ഗില്ലിന് സാധിച്ചു.
ഗില്ലിനൊപ്പം മൂന്നാമനായെത്തിയ സായി സുദർശനും ക്രീസിൽ ഉറച്ചതോടെ ഗുജറാത്തിന് കാര്യങ്ങൾ എളുപ്പമായി മാറുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. 22 പന്തുകളിൽ നിന്നായിരുന്നു മത്സരത്തിൽ ഗിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അർത്ഥസെഞ്ച്വറിക്ക് ശേഷവും ഗില്ലിന്റെ വമ്പനടികൾക്ക് യാതൊരു കുറവും വന്നില്ല. മത്സരത്തിൽ 58 പന്തുകൾ നേരിട്ട ഗിൽ 101 റൺസാണ് നേടിയത്. ഇന്നിങ്സിൽ 13 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്ന ഗില്ലിന്റെ ഒരു തേരോട്ടം തന്നെയായിരുന്നു മത്സരത്തിലുടനീളം കണ്ടത്.
ഗില്ലിന്റെ ഈ സെഞ്ച്വറി മത്സരത്തിൽ ഗുജറാത്തിന് വലിയ രീതിയിലുള്ള ആധിപത്യം തന്നെയാണ് നൽകിയിരിക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കാനായാൽ ഗുജറാത്തിന് പ്ലേയോഫ് ഉറപ്പിക്കാനായി സാധിക്കും. ഗില്ലിന്റെ തകർപ്പൻ വെടിക്കെട്ടിന്റെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 188 റൺസാണ് ഗുജറാത്ത് നേടിയിട്ടുള്ളത്. മികച്ച ഒരു ബോളിഗ് നിര കയ്യിലുള്ളതിനാൽ തന്നെ ഗുജറാത്തിന് ഈ സ്കോർ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ.