രാത്രി വരെ ഇന്ത്യൻ ടീമിൽ രാവിലെ സയ്യദ് ട്രോഫിയിൽ വെടികെട്ട് ബാറ്റിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങൾ ആഭ്യന്തര മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നത് ഇപ്പോൾ പരക്കെ ഉയർന്നു വരുന്ന ഒരു ആരോപണമാണ്. പ്രത്യേകിച്ച്, ഐപിഎൽ മാനദണ്ഡമാക്കി സെലക്ടർമാർ കളിക്കാരെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന പ്രവണത അധികരിച്ചതോടെയാണ്, യുവതാരങ്ങൾ ആഭ്യന്തര ടൂർണമെന്റ്കളെക്കാൾ ഐപിഎല്ലിന് പ്രാധാന്യം നൽകി തുടങ്ങിയത്. എന്നാൽ എല്ലാവരും അത്തരത്തിലുള്ളവരല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഋതുരാജ് ഗെയ്ക്വാദും രാഹുൽ ട്രിപാതിയും.

അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഗെയ്ക്വാദും ട്രിപാതിയും കഴിഞ്ഞദിവസം രാത്രി മൊഹാലിയിൽ എത്തുകയും സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ കളിക്കുന്ന മഹാരാഷ്ട്ര ടീമിനൊപ്പം ചേരുകയും ചെയ്തു. കഴിഞ്ഞദിവസം ഏറെ വൈകിയാണ് ടീമിനൊപ്പം ചേർന്നതെങ്കിലും, ഇന്ന് കാലത്ത് നടന്ന സർവീസസിനെതിരായ മത്സരം കളിക്കാൻ ഇരുവരും തയ്യാറായി.

സർവീസസിനെതിരായ മത്സരത്തിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി പ്രകടനവുമായി തിളങ്ങുകയും ചെയ്തു. 65 പന്തിൽ 12 ഫോറും 5 സിക്സും സഹിതം 172.31 സ്ട്രൈക്ക് റേറ്റോടെ 112 റൺസ് ആണ് ഗെയ്ക്വാദ് നേടിയത്. രാഹുൽ ട്രിപാതിയാകട്ടെ, 20 പന്തിൽ 3 ഫോർ ഉൾപ്പടെ 19 റൺസും സ്കോർ ചെയ്തു. ഇരു താരങ്ങളുടെയും ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത പ്രശംസനീയാർഹമാണ്.

അതേസമയം, രണ്ട് കളിക്കാരും അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് മത്സരത്തിന് ഇറങ്ങാൻ തയ്യാറായത് എന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് മാനേജ്മെന്റിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗെയ്ക്വാദ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചെങ്കിലും സർവീസസിനെതിരെ മഹാരാഷ്ട്രക്ക് വിജയിക്കാൻ സാധിച്ചില്ല. മഹാരാഷ്ട്രക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം ആണ് സർവീസസ് സ്വന്തമാക്കിയത്.