എവിടെ ഹൂഡ എവിടെ!! ഫോമിലുള്ള ഹൂഡയെ മാറ്റുന്നത് എന്തിന് : ചോദ്യവുമായി മുൻ താരങ്ങൾ

വിരാട് കോഹ്‌ലിയെ ഇന്ത്യയുടെ ടി20 ടീമിൽ നിന്നും ഒഴിവാക്കണം എന്ന് സംബന്ധിച്ചുള്ള ചർച്ചകൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നടക്കുന്നതിന് പിന്നാലെ, മറ്റൊരു ഇന്ത്യൻ താരത്തെ ടി20 ടീമിൽ ഉൾപ്പെടുത്തിയതിനെയും മുൻ ഇന്ത്യൻ താരങ്ങൾ വിമർശിച്ചു. ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ടെസ്റ്റ്‌ മത്സരത്തിൽ, ഇംഗ്ലീഷ് മണ്ണിൽ മികച്ച ഫോം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയതാണ് ചർച്ചകൾക്ക് ആധാരം.

ശ്രേയസ് അയ്യരെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയപ്പോഴും, ടി20 പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ടിൽ വെച്ച് നടന്ന സന്നാഹ മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് കാഴ്ച്ചവെക്കുകയും, അയർലൻഡ് പര്യടനത്തിൽ ഒരു സെഞ്ച്വറി പ്രകടനം ഉൾപ്പടെ കാഴ്ച്ചവെച്ച് മികച്ച താരമായി തിരഞ്ഞെടുകപ്പെടുകയും ചെയ്ത ദീപക് ഹൂഡക്ക് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മതിയായ അവസരം നൽകാതിരുന്നതാണ് മുൻ ഇന്ത്യൻ താരങ്ങളായ ആർപി സിംഗിനും പാർഥിവ് പട്ടേലിനും അനുകൂലിക്കാൻ സാധിക്കാതിരുന്നത്.

“നിങ്ങൾ ഫോമിലുള്ള കളിക്കാരെ കളിപ്പിക്കണം, ഇത്രയും റൺസ് നേടിയ ദീപക് ഹൂഡ ഇപ്പോൾ ഫോമിലായിരുന്നു. പക്ഷേ, അയ്യരെ കളിപ്പിക്കുക വഴി, എന്താണ് ടീം മാനേജ്മെന്റ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഫോമിലല്ലാത്ത അയ്യരെ എന്തിന് ഫോമിലുള്ള ഹൂഡക്ക് പകരം കൊണ്ടുവരണം. ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ ഞാൻ ദീപക് ഹൂഡയെ കളിപ്പിക്കുമായിരുന്നു,” ക്രിക്ബസിന്റെ യൂട്യൂബ് ചാനലിൽ ആർപി സിംഗ് പറഞ്ഞു.

ആർപി സിംഗിന്റെ പ്രതികരണത്തെ പാർഥിവ് പട്ടേലും അനുകൂലിച്ചു. “ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു. കുറച്ചുകാലമായി രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമ്മയുടെയും കീഴിലുള്ള ഈ ഇന്ത്യൻ ടീം മാനേജ്‌മെന്റ് കുറച്ച് സ്ഥിരത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അത് ഇവിടെ പ്രദർശിപ്പിച്ചില്ല. ഇത് വ്യത്യസ്തമായ ഒരു ചിന്താ പ്രക്രിയയാണ്, ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു. ഐപിഎല്ലിന് മുമ്പ് മികച്ച പ്രകടനം കാഴ്ചവെച്ചതുകൊണ്ടാകാം അദ്ദേഹത്തിന് (ശ്രേയസിന്) അവസരം ലഭിച്ചത് എന്ന് ഞാൻ കരുതുന്നു,” പാർഥിവ് പട്ടേൽ പറഞ്ഞു.