സാക്ഷാൽ സച്ചിനെ മറികടക്കാൻ കോഹ്ലി!!കിവികൾക്കെതിരെ ഇറങ്ങുമ്പോൾ ലക്ഷ്യം സച്ചിനും സേവാഗും പോണ്ടിങ്ങും തീർത്ത ചരിത്രം..!

കഴിഞ്ഞ വർഷങ്ങളിൽ മോശം ഫോമിൽ കളിച്ചതിന്റെ പേരിൽ പലരും എഴുതിത്തള്ളിയ ക്രിക്കറ്ററായിരുന്നു വിരാട് കോഹ്ലി. എന്നാൽ വിമർശനങ്ങൾക്ക് നടുവിലൂടെ കോഹ്ലിയുടെ ഒരു വമ്പൻ തിരിച്ചുവരവാണ് 2022ൽ കാണാനായത്. 2022ലെ ഏഷ്യാകപ്പിലും ലോകകപ്പിലുമടക്കം വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച വിരാട്ട് നിലവിൽ 2023 ലോകകപ്പിലും ഇന്ത്യയുടെ പ്രതീക്ഷയാണ്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് ഇന്നിങ്സുകൾ കളിച്ച വിരാട് 2 സെഞ്ച്വറികൾ നേടുകയുണ്ടായി. ഒരുപാട് റെക്കോർഡുകൾ കഴിഞ്ഞ സമയങ്ങളിൽ തകർത്തെറിഞ്ഞ വിരാട്, ന്യൂസിലാൻഡിനെതിരെ ഇറങ്ങുമ്പോഴും വമ്പൻ ചരിത്രം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.നിലവിൽ ന്യൂസിലാൻഡിനെതിരെ ഏകദിനങ്ങളിൽ അഞ്ചു സെഞ്ചുറികളാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. കിവികൾക്കെതിരെ കളിച്ച 26 ഏകദിനങ്ങളിൽ നിന്നാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ ഏതാനും സെഞ്ച്വറികൾ നേടിയാൽ അവർക്കെതിരെ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന ക്രിക്കറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ വിരാടിന് സാധിക്കും.

നിലവിൽ കിവികൾക്കെതിരെ 6 സെഞ്ച്വറികൾ നേടിയ റിക്കി പോണ്ടിംഗും, സേവാഗുമാണ് ഈ നേട്ടത്തിൽ മുമ്പന്മാർ. സേവാഗ് 23 മത്സരങ്ങളിൽ നിന്നും, പോണ്ടിംഗ് 51 മത്സരങ്ങളിൽ നിന്നുമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല 42 ഇന്നിംഗ്സുകളിൽ നിന്ന് 5 സെഞ്ചുറികളുമായി സച്ചിനും കോഹ്ലിക്കൊപ്പമുണ്ട്. പരമ്പരയിൽ ഒരു സെഞ്ച്വറി കൂടി നേടാനായാൽ വിരാടിന് സച്ചിനെ മറികടക്കാനാവും. രണ്ടു സെഞ്ച്വറുകൾ നേടിയാൽ ഈ റെക്കോർഡിൽ മുൻപിലെത്താനും സാധിക്കും.

ഇന്ത്യയെ സംബന്ധിച്ച് ന്യൂസിലാൻഡിനെതിരായ പരമ്പരയിലും വിരാട് കോഹ്ലി ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ്. ലോകകപ്പ് ഇന്ത്യയിൽ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പിച്ചുകളിൽ കോഹ്ലി ആധിപത്യം സ്ഥാപിക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നു.

5/5 - (1 vote)