കേരള ബ്ലാസ്റ്റേഴ്‌സ് :മുംബൈ പോരാട്ടത്തിലെ കണക്കുകൾ ഇപ്രകാരം :ആകാംക്ഷയിൽ ആരാധകർ

ഇന്നാണ് എല്ലാവരും വളരെ അധികം കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ കേരള ടീം ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ മത്സരം സീസണിൽ കേരള ടീം കളിക്കുന്ന ആറാമത്തെ മത്സരമാണ്. മുംബൈ പോലൊരു ടീമിന് എതിരെ ജയം കരസ്ഥമാക്കാൻ കൊമ്പൻമാർക്ക് സാധിക്കുമോ എന്നതാണ് ശ്രദ്ധേയം.

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ ഇതുവരെ 14 തവണ കളിച്ചിട്ടുണ്ട്. ഇതിൽ ആകെ രണ്ട് തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളൂ.ഐഎസ്എല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു പന്തിന്മേൽ ആധിപത്യം. എന്നാൽ പൊസെഷൻ ഫുട്ബോളിന്റെ ആശാന്മാരായ മുംബൈയെ നേരിടുമ്പോൾ പന്തിന്മേൽ ബ്ലസ്റ്റേഴ്സിന് മേധാവിത്വം നേടാൻ പ്രയാസമാകും. ഈ സാഹചര്യത്തിൽ പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കുകളിലൂടെ മുംബൈയേ നേരിടാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. അഡ്രിയാൻ ലൂണയും അൽവാരോ വാസ്ക്വസും താളം കണ്ടെത്തുകയും അതിവേ​ഗക്കാരനായ വിൻസി ബാരെറ്റോ തിളങ്ങുകയും ചെയ്താൽ കൗണ്ടർ അറ്റാക്ക് ഫലപ്രദമായി നടപ്പാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം രണ്ട് ടീമുകൾക്കും ഗോളുകൾ വാരിക്കൂട്ടാൻ കഴിവുള്ള മികച്ച അറ്റാക്കിംഗ് താരങ്ങളുണ്ട്. മുംബൈ സിറ്റി എഫ്‌സി 17 ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് 6 ഗോളുകളും ഈ സീസണിൽ ഇതുവരെ നേടിയിട്ടുണ്ട്. ഗോളുകളുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ വേട്ടയാടുന്നു, കൂടുതൽ ഗോളുകൾ നേടാനും ആ ഗോളുകൾ മുംബൈ സിറ്റി എഫ്‌സിക്കെതിരായ വിജയമാക്കി മാറ്റാനും ഉള്ള ശ്രമത്തിലാണ് അവർ.എന്നാൽ ഗോളുകളുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ ഒരു ദുർബല ടീമാക്കി മാറ്റുന്നില്ല. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 7 വലിയ അവസരങ്ങൾ സൃഷ്ടിച്ചു, വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുംബൈ സിറ്റി എഫ്‌സിക്കും ജംഷഡ്പൂർ എഫ്‌സിക്കുമൊപ്പം രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.