ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണ് മുന്നോടിയായി നടന്ന താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഏറെ പ്രതീക്ഷകളോടെ സ്വന്തമാക്കിയ താരമാണ് ദീപക് ചാഹർ. 14 കോടി രൂപയ്ക്കാണ് ഇന്ത്യൻ പേസറെ സിഎസ്കെ താരലേലത്തിൽ സ്വന്തമാക്കിയത്. എന്നാൽ, ദേശീയ ടീമിനൊപ്പം കളിക്കുന്നതിനിടെ ചാഹറിന് പരിക്കേൽക്കുകയും, ക്വാഡ്രിസെപ്‌സ് പരിക്കിനെ തുടർന്ന് ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അദ്ദേഹം ചികിത്സയിലുമായിരുന്നു.
പരിക്ക് മാറി ഐപിഎൽ സീസണിന് മധ്യേ ദീപക് ചാഹർ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷ ശരിവെച്ചുകൊണ്ട് ചാഹർ പരിശീലനത്തിനിറങ്ങിയതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായിയാണ് ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് ദീപക് ചാഹറിന് വീണ്ടും പരിക്കേറ്റു എന്ന് റിപ്പോർട്ടുകൾ വരുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുന്നതിനിടെ വീണതാണ് ചാഹറിന് വീണ്ടും പരിക്കേൽക്കാൻ കാരണമായത്. ഇതോടെ ഐപിഎൽ സീസൺ പൂർണ്ണമായും സിഎസ്കെ പേസർക്ക് നഷ്ടമാവും എന്ന് ഔദ്യോഗിക സ്ഥിരീകരണവും എത്തിയിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ എടുത്ത താരത്തിന്റെ സ്കാനിംഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്, പരിക്ക് കൂടുതൽ കാലം താരത്തെ സൈഡ്‌ലൈനിൽ ഇരുത്താൻ സാധ്യത ഉണ്ട് എന്നാണ്.
പേസർക്ക് അടുത്ത 4 മാസത്തേക്ക് കളിക്കാനാകില്ല എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ഇതോടെ, 2022 ലെ ടി20 ലോകകപ്പിന് പോലും ദീപക് ചാഹർ ലഭ്യമായേക്കില്ല. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ചഹറിന്റെ പരിക്ക് ഗുരുതരമാണ്. ടി20 ലോകകപ്പ് 2022 ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്നതിനാൽ, പരിക്കിന്റെ വ്യാപ്തി മാർക്വീ ടൂർണമെന്റിലേക്ക് തിരിച്ചുവരുന്നത് ചാഹറിന് തിരിച്ചടിയാവും.