പ്ലേഓഫ് സാധ്യത നിലനിർത്താനുള്ള ജീവൻ മരണ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 160 റൺസ് വിജയലക്ഷ്യമുയർത്തി. നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ ബോളിൽ തന്നെ ഡിസി ഓപ്പണർ ഡേവിഡ് വാർണറെ പുറത്താക്കിയതുൾപ്പാടെ പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഇന്നിംഗ്സ് മുന്നോട്ട് പോയത്.
എന്നാൽ, ആദ്യ ബോളിൽ തന്നെ വാർണർ പുറത്തായത് അദ്ദേഹത്തിന്റെ അതിബുദ്ധി മൂലമാണ് എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. കാരണം, സർഫ്രാസ് ഖാനുമൊത്ത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ വാർണർ ആദ്യം നോൺ സ്ട്രൈക്ക് എൻഡിൽ ആണ് സ്റ്റാൻഡ് ചെയ്തത്. എന്നാൽ, അപ്രതീക്ഷിതമായി ബൗളിംഗ് ഓപ്പൺ ചെയ്യാൻ പഞ്ചാബ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, സ്പിൻ ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണെ പന്തേൽപ്പിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട വാർണർ, സർഫ്രാസ് ഖാനെ നോൺ-സ്ട്രൈക്ക് എൻഡിലേക്ക് മാറ്റി, സ്ട്രൈക്ക് ഏറ്റെടുത്തു. പവർപ്ലേ മുതലെടുത്ത് സ്പിന്നറെ ശിക്ഷിക്കണം എന്നായിരിക്കാം വാർണർ കരുതിയിരുന്നത്. എന്നാൽ, ലിവിങ്സ്റ്റണിന്റെ ഓഫ് ബ്രേക്ക് ബോളിനെതിരെ ഫ്രന്റ് ഫൂട്ട് ഡ്രൈവിന് ശ്രമിച്ച വാർണറെ പോയിന്റിൽ രാഹുൽ ചാഹർ ക്യാച്ച് എടുക്കുകയായിരുന്നു. ഗോൾഡൻ ഡക്കിന് പുറത്തായ വാർണറുടെ നിരാശ പവലിയനിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.
മത്സരത്തിലേക്ക് തിരിച്ചു വന്നാൽ, ഓൾറൗണ്ടർ മിച്ചൽ മാർഷ് (63) മാത്രമാണ് ഡിസി നിരയിൽ തിളങ്ങിയത്. കൂടാതെ, ഓപ്പണർ സർഫ്രാസ് ഖാൻ (32), ലളിത് യാദവ് (27) എന്നിവരും ടോട്ടലിലേക്ക് സംഭാവനകൾ ചെയ്തതോടെ, ഡിസി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് കണ്ടെത്തി.