ടീമിലേക്ക് എത്താൻ പതിനെട്ടാം അടവ് ഇതാണ് 😱വഴി പറഞ്ഞു കൊടുത്ത് സൗരവ് ഗാംഗുലി

ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഇന്ത്യൻ ടീമിലെ ഭാവി എന്താവും? കുറച്ച് കാലമായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ച വിഷയം ആണിത്. ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ സ്ഥിരാംഗങ്ങളായ ഇരുവരും തുടർച്ചയായി വലിയ റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാണ് ഇരുവരുടെയും ഭാവി എന്താകും എന്ന ചർച്ചയ്ക്ക്‌ തുടക്കമിട്ടത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവരുടെ സമയം ഇതിനകം അവസാനിച്ചുവെന്ന് ചിലർ വിശ്വസിക്കുമ്പോൾ, ബിസിസിഐ മേധാവി സൗരവ് ഗാംഗുലി ഇരുവരോടും രഞ്ജി ട്രോഫിയിലേക്ക് മടങ്ങാൻ ഉപദേശിച്ചിരിക്കുകയാണ്.

അടുത്തിടെ ഗാംഗുലി പങ്കെടുത്ത ഒരു ചാറ്റ് ഷോയിൽ, പൂജാരയുടെയും രഹാനെയുടെയും ഭാവിയെ കുറിച്ച് ഗാംഗുലിയോട് ചോദിച്ചിരുന്നു. ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കുക എന്നതാണ് ഗാംഗുലി ആ ചോദ്യത്തിന് മറുപടി നൽകിയത്. 2005-ൽ ഇന്ത്യൻ ടീമിലെ മോശം ഫോമിനെ തുടർന്ന് ഗാംഗുലിയും രഞ്ജി ട്രോഫി കളിക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. പിന്നീട്, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ശേഷം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ടീമിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

തന്റെ പാത പിന്തുടരാനാണ് പൂജാരയോടും രഹാനെയോടും ഗാംഗുലി ഇപ്പോൾ പറയുന്നത്. “തീർച്ചയായും, അവർ മികച്ച കളിക്കാരാണ്. അവർ രഞ്ജി ട്രോഫിയിലേക്ക് മടങ്ങി, ധാരാളം റൺസ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ശേഷം അവർ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിൽ ഞാൻ ഒരു പ്രശ്‌നവും കാണുന്നില്ല. രഞ്ജി ട്രോഫി ഒരു വലിയ ടൂർണമെന്റാണ്, ഞങ്ങൾ എല്ലാവരും ആ ടൂർണമെന്റ് കളിച്ചിട്ടുണ്ട്,” ഗാംഗുലി പറഞ്ഞു.

“അതിനാൽ, അവരും അവിടേക്ക്‌ മടങ്ങി മികച്ച പ്രകടനം നടത്തട്ടെ. അവർ മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ ഏകദിന അല്ലെങ്കിൽ ലിമിറ്റഡ് ഓവർ ടീമിന്റെ ഭാഗമല്ലാത്ത കാലത്ത് രഞ്ജി ടൂർണമെന്റ് കളിച്ചിട്ടുണ്ട്. അതിനാൽ, അത് അവർക്ക് ഒരു പ്രശ്നമാകില്ല,” ഗാംഗുലി കൂട്ടിച്ചേർത്തു. രഞ്ജി ട്രോഫിയുടെ സഹായത്തോടെ രഹാനെയും പൂജാരയും തങ്ങളുടെ ഫോം വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഗാംഗുലി.