
ചെന്നൈ കൊമ്പനെ പൂട്ടി കൊൽക്കത്ത ടീം 😳😳😳പോയിന്റ് ടേബിളിൽ വീണ്ടും ട്വിസ്റ്റ്
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റുകൾക്കാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്. ബോളിങ്ങിൽ കൊൽക്കത്തയ്ക്കായി ചക്രവർത്തിയും നരെയനും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ബാറ്റിംഗിൽ നിതീഷ് റാണയും റിങ്കു സിംഗും മികവു കാട്ടുകയായിരുന്നു. ഈ വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ചെന്നൈയുടെ ഓപ്പണർമാർ അവർക്ക് നൽകിയത്. ഋതുരാജും(17) കോൺവെയും(30) ചെന്നൈയുടെ ആദ്യ ഓവറുകൾ ഭദ്രമാക്കി. എന്നാൽ ഇതു മുതലെടുക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല. ഒരുവശത്ത് ശിവം ദുബെ ചെന്നൈക്കായി അടിച്ചുതകർത്തപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടമായി കൊണ്ടേയിരുന്നു. ദുബെ മത്സരത്തിൽ 34 പന്തുകളിൽ ഒരു സിക്സറും മൂന്ന് ബൗണ്ടറികളുമടക്കം 48 റൺസ് ആണ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ ആരും തന്നെ വമ്പൻ പ്രകടനം കാഴ്ചവക്കാതിരുന്നത് ചെന്നൈയെ ബാധിച്ചു. ചെന്നൈ ഇന്നിങ്സ് കേവലം 144 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല കൊൽക്കത്തയ്ക്കും ലഭിച്ചത്. തങ്ങളുടെ ഓപ്പണർ ഗുർബാസിനെയും(1) ജയ്സൺ റോയിയെയും(12) തുടക്കത്തിൽ തന്നെ കൊൽക്കത്തക്ക് നഷ്ടമായി. മൂന്നാം നമ്പരിൽ വെങ്കിടേശ് അയ്യരും(9) പെട്ടെന്നുതന്നെ കൂടാരം കയറിയതോടെ കൊൽക്കത്ത പതറി. എന്നാൽ നാലാം വിക്കറ്റിൽ നിതീഷ് റാണയും റിങ്കു സിങ്ങും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് കൊൽക്കത്തയ്ക്കായി കെട്ടിപ്പടുക്കുകയായിരുന്നു. മധ്യ ഓവറുകളിൽ ചെന്നൈയുടെ സ്പിൻ ആക്രമണങ്ങൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുവർക്കും സാധിച്ചു. അതോടെ മത്സരം കൊൽക്കത്തയുടെ കൈപ്പിടിയിലേക്ക് വരികയായിരുന്നു.
Rinku to the rescue yet again – his smashing fifty takes @KKRiders to the brink of victory 🎉#CSKvKKR #TATAIPL #IPL2023 #IPLonJioCinema #EveryGameMatters pic.twitter.com/0S3eUea8ae
— JioCinema (@JioCinema) May 14, 2023
മത്സരത്തിൽ നിതീഷ് റാണ 44 പന്തുകളിൽ 57 റൺസാണ് നേടിയത്. റിങ്കു സിംഗ് 43 പന്തുകളിൽ 54 റൺസ് നേടി. ഇരുവരുടെയും തകർപ്പൻ കൂട്ടുകെട്ടിന്റെ ബലത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു കൊൽക്കത്തയുടെ മത്സരത്തിലെ വിജയം. ഈ വിജയത്തോടെ ചെറിയ രീതിയിലെങ്കിലും പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്തക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 13 മത്സരങ്ങൾ കളിച്ച കൊൽക്കത്ത ആറു മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. 12 പോയിന്റുകളാണ് കൊൽക്കത്തക്കുള്ളത്. അടുത്ത മത്സരത്തിൽ വമ്പൻ വിജയം കൈവരിക്കേണ്ടത് കൊൽക്കത്തയ്ക്ക് ആവശ്യമാണ്.