ചെന്നൈക്ക് പ്ലേഓഫിൽ കേറാം 😱😱സാധ്യതകൾ ഇപ്രകാരം

ഐപിഎൽ 15-ാം പതിപ്പിൽ എല്ലാ ടീമുകളുടെയും 11 മത്സരങ്ങൾ പൂർത്തിയായപ്പോഴും ഒരു ടീമിന് പോലും പ്ലേഓഫ് ഉറപ്പിക്കാനായിട്ടില്ല എന്നത് ടൂർണമെന്റിന്റെ മത്സര കാഠിന്യതെ അടയാളപ്പെടുത്തുന്നു. നിലവിൽ, കളിച്ച 11 മത്സരങ്ങളിൽ 9-ഉം തോറ്റ മുംബൈ ഇന്ത്യൻസ് ടൂർണമെന്റിൽ നിന്ന് പ്ലേഓഫ് കാണാനാകാതെ പുറത്തായിട്ടുണ്ട് എന്നത് ഉറപ്പായിട്ടുണ്ടെങ്കിലും, പോയിന്റ് ടേബിളിൽ 9-ാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പോലും ഇപ്പോഴും പ്ലേഓഫ് സാധ്യതകൾ ഉണ്ടെന്നതാണ് വസ്തുത.

നിലവിൽ, 11 കളികളിൽ നിന്ന് 8 ജയങ്ങൾ നേടിയ ലഖ്നൗ സൂപ്പർ ജിയന്റ്സും ഗുജറാത്ത്‌ ടൈറ്റൻസും റൺ റേറ്റ് അടിസ്ഥാനത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. ഇരു ടീമുകൾക്കും ശേഷിക്കുന്ന മൂന്ന് കളികളിൽ ഒരു കളി കൂടി ജയിച്ചാൽ, പ്ലേഓഫ് ബർത്ത് ഉറപ്പിക്കാവുന്നതാണ്. പ്ലേഓഫ് സാധ്യത പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു ടീം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ്. 11 കളികളിൽ 7-ലും ജയിച്ച റോയൽസ്, പ്ലേഓഫിൽ എത്താനുള്ള സാധ്യത 93.8 – 95.9 ശതമാനമാണ്.

പ്ലേഓഫ് സ്പോട്ടിനായി മത്സരരംഗത്തുള്ള മറ്റൊരു ടീമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. 12 കളികളിൽ 7-ജയം നേടിയ ആർസിബിക്ക് നെറ്റ് റൺറേറ്റ് ആണ് വെല്ലുവിളി ഉയർത്തുന്നത്. എന്നിരുന്നാലും, ശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാൽ ആർസിബിക്ക് അനായാസം പ്ലേഓഫ് കടമ്പ കടക്കാം. ടൂർണമെന്റിന്റെ ഒരു സമയത്ത് മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളാണ് ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും. എന്നാൽ, ഇന്ന് ഇരു ടീമുകളും 11 കളികൾ പിന്നിടുമ്പോൾ 10-പോയിന്റോടെ യഥാക്രമം 5,6 സ്ഥാനങ്ങളിലാണ്. നിലവിലെ സാഹചര്യത്തിൽ പ്ലേഓഫിലെത്താൻ ഡിസിക്ക് 23 ശതമാനവും എസ്ആർഎച്ചിന് 21.2 ശതമാനവുമാണ് സാധ്യത കൽപ്പിക്കുന്നത്.

11 കളികളിൽ നിന്ന് 10 പോയിന്റുള്ള പഞ്ചാബിന് പ്ലേഓഫിലെത്താൻ 20 ശതമാനം സാധ്യത കല്പ്പിക്കുന്നു. 12 കളികളിൽ നന്ന് 10 പോയിന്റുള്ള കെകെആറിന് റൺറേറ്റ് വലിയ തിരിച്ചടിയായതോടെ, കെകെആർ പ്ലേഓഫിലെത്താൻ 2.9 ശതമാനം മാത്രമാണ് സാധ്യത കൽപ്പിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ പകുതിയിലെ മോശം പ്രകടനമാണ് സിഎസ്കെയ്ക്ക് വിനയാകുന്നത്. എന്നിരുന്നാലും, റൺറേറ്റ് കൈമുതലായുള്ള നിലവിലെ ചാമ്പ്യൻമാർക്ക് ഇനിയുള്ള മൂന്ന് കളികളും മികച്ച റൺറേറ്റോടെ ജയിച്ചാൽ, പോയിന്റ് ടേബിളിൽ മൂന്നിലോ നാലിലോ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.