തീ’ ആയി തീക്ഷണ!!! കോഹ്ലിയും ഡ്യൂപ്ലസിസും ഉൾപ്പടെ എരിഞ്ഞുപ്പോയി 😱😱ആരാണ് ഈ യുവ താരം

നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി ഈ സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരമാണ് ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ തീക്ഷണയ്ക്ക് ആദ്യ മത്സരം മികച്ച ഓർമ്മകൾ ഒന്നും സമ്മാനിച്ചില്ല. 4 ഓവറിൽ 31 റൺസ് വഴങ്ങിയ ശ്രീലങ്കൻ സ്പിന്നർക്ക് വിക്കറ്റുകൾ ഒന്നും നേടാനായില്ല.

എന്നാൽ, ഇന്ന് നടന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ, പവർപ്ലേ ഓവറുകളിൽ തന്നെ ആർസിബി ഓപ്പണർമാരായ ഫാഫ് ഡ്യൂപ്ലസിസിനേയും (8), അനുജ് റാവത്തിനേയും (12) മടക്കി ചെന്നൈ സൂപ്പർ കിംഗ്സിന് സ്വപ്നതുല്ല്യമായ തുടക്കം നൽകി മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് മഹേഷ് തീക്ഷണ. ഡ്യൂപ്ലസിസിനെ ക്രിസ് ജോർദന്റെ കൈകളിൽ എത്തിച്ച തീക്ഷണ, അനുജ് റാവത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന്, മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്ന യുവ ബാറ്റർ സുയാഷ് പ്രഭുദേശായിയെ (34) ക്ലീൻ ബൗൾഡിലൂടെ തീക്ഷണ മടക്കി.

മുത്തയ്യ മുരളീധരൻ, അജന്ത മെൻഡീസ് തുടങ്ങിയ ലോകോത്തര സ്പിന്നർമാരെ സമ്മാനിച്ച ശ്രീലങ്കൻ ക്രിക്കറ്റ്‌ മണ്ണിൽ നിന്ന് പിറവിയെടുത്ത 21 കാരനായ തീക്ഷണ, തന്റെ ഈ ചെറുപ്രായത്തിനിടെ 19 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ച അദ്ദേഹം 2021 ടി20 ലോകകപ്പിലെ മികച്ച ബൗളർമാരിൽ ഒരാളായിരുന്നു.

മൊത്തത്തിലുള്ള ടി20 കരിയറിൽ 20.60 ശരാശരിയിൽ 6.04 ഇക്കോണമിയോടെ 51 വിക്കറ്റുകൾ തീക്ഷണ നേടിയിട്ടുണ്ട്. ശ്രീലങ്കൻ ടീമിനൊപ്പം 4 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും കളിച്ച തീക്ഷണ 20 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 3/17 ആണ് അദ്ദേഹത്തിന്റെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച സ്പെൽ. ഐപിഎൽ മെഗാ ലേലത്തിൽ 60 ലക്ഷം രൂപയ്ക്കാണ് സിഎസ്‌കെ അദ്ദേഹത്തെ സ്വന്തമാക്കിയത്.