ഈ സീസണോടെ ധോണി ഐപിഎല്ലിനോട് വിട പറയും ; കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ

കഴിഞ്ഞ ദിവസമാണ് പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായിരുന്ന എംഎസ് ധോണി സിഎസ്കെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും, ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ സിഎസ്കെ തങ്ങളുടെ നായക സ്ഥാനം ഏൽപ്പിച്ചു എന്നുമുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നാല് തവണ സിഎസ്കെയെ കിരീടത്തിലേക്ക് നയിച്ച എംഎസ് ധോണിയുടെ സിഎസ്കെയിലെ ഭാവി എന്താകും എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ക്രിക്കറ്റ്‌ ലോകത്ത് തുടക്കമിട്ടിരുന്നു.

ഈ വിഷയത്തിൽ ഇപ്പോൾ തന്റെ പ്രതീക്ഷ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഐപിഎൽ 2022 സീസൺ ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ചോപ്ര വിശ്വസിക്കുന്നു. ഇതിന് കാരണമായി, ഐപിഎൽ മെഗാ ലേലത്തിന് മുമ്പ് ചെന്നൈയുടെ ഫസ്റ്റ് ചോയ്‌സ് താരമായി നിലനിർത്താൻ ധോണി താൽപ്പര്യപ്പെട്ടിരുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

msd 3

“താൻ ഇനി രാജാവല്ലെന്നും ഇനി രാജാവിനെ സേവിക്കുന്ന ഒരു വ്യക്തി മാത്രമായിരിക്കുമെന്നും എംഎസ് ധോണി പ്രഖ്യാപിച്ചു. എന്നാൽ യാഥാർത്ഥ്യം ഇപ്പോഴും അദ്ദേഹം രാജാവും ക്യാപ്റ്റനുമാണ്. അദ്ദേഹം സിഎസ്‌കെയുടെ രാജാവാണ്. എന്നിരുന്നാലും, അടുത്ത വർഷം അദ്ദേഹം കളിക്കില്ലെന്ന് ഇപ്പോൾ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്,” ചോപ്ര പറയുന്നു.

“ഈ വർഷത്തിന്റെ തുടക്കത്തിൽ, ഫ്രാഞ്ചൈസി ധോണിയെ നിലനിർത്താൻ തുടങ്ങിയപ്പോൾ അദ്ദേഹം അത് ആഗ്രഹിച്ചിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്‌ അദ്ദേഹം കളി അവസാനിപ്പിക്കുകയാണ് എന്നതിന്റെ സൂചനയാണ്,” ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “എംഎസ് ധോണി ക്യാപ്റ്റൻ അല്ലാത്തപ്പോൾ, അവൻ എല്ലാ കാര്യത്തിലും ഇടപെടില്ല. ആവശ്യമുള്ളപ്പോഴോ നിലവിലെ ക്യാപ്റ്റൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുമ്പോഴോ മാത്രമേ അദ്ദേഹം സംസാരിക്കൂ. അദ്ദേഹം മറ്റുള്ളവരുടെ അടുത്തേക്ക് നടന്ന് തന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്ന ആളല്ല, അദ്ദേഹം കളിക്കാൻ ഇഷ്ടപ്പെടുന്നു,” ധോണിയുടെ പുതിയ സീസണിലെ ഉത്തരവാദിത്തത്തെ കുറിച്ചു ചോപ്ര പറഞ്ഞു.