‘സോറി യൂസി !’ ഹാട്രിക് നഷ്ടപ്പെടുത്തിയതിന് ചാഹലിന് മുന്നിൽ കൈക്കൂപ്പി കരൺ നായർ

മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 സീസണിലെ 9-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 23 റൺസിന്റെ ജയം. സെഞ്ച്വറി നേട്ടവുമായി ജോസ് ബറ്റ്ലർ റോയൽസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയപ്പോൾ, 4 ഓവറിൽ 26 റൺസ് വഴങ്ങി നിർണ്ണായക സമയത്ത് 2 വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ യുസ്വേന്ദ്ര ചാഹൽ തിളങ്ങി.

മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ജോസ് ബറ്റ്ലർ (100) മികവിൽ 193 റൺസ് എന്ന ടോട്ടൽ കണ്ടെത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (10) നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്നിരുന്നാലും, ഇഷാൻ കിഷനും (54), തിലക് വർമ്മയും (61) ചേർന്ന് മുംബൈയെ ജയത്തിലേക്ക് നയിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, ഇഷാൻ കിഷനെ പുറത്താക്കി ട്രെന്റ് ബോൾട്ട് റോയൽസിന് ബ്രേക്ക്‌ ത്രൂ നൽകുകയായിരുന്നു. അവസാന ഓവറുകളിൽ, ജയിക്കാൻ കുറഞ്ഞ റൺസ് മതി എന്നിരിക്കെ, മുംബൈയുടെ വെടിക്കെട്ട് ബാറ്റർമാരായ ടിം ഡേവിഡിലും ഡാനിയേൽ സാംസിലും മുംബൈ അമിതമായ പ്രതീക്ഷ അർപ്പിച്ചു.

എന്നാൽ, 16-ാം ഓവർ പന്തെറിയാനെത്തിയ ചാഹൽ മുംബൈയുടെ എല്ലാ പ്രതീക്ഷകളും തകർത്തെറിയുകയായിരുന്നു. 16-ാം ഓവറിലെ തുടർച്ചയായ ആദ്യ രണ്ട് പന്തുകളിലും രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ചാഹൽ റോയൽസിലേക്ക് കളി തിരിച്ചുവിട്ടത്.

ഓവറിലെ ആദ്യ പന്തിൽ ടിം ഡേവിഡിനെ (1) വിക്കറ്റിന് മുന്നിൽ കുടുക്കിയ ചാഹൽ, തൊട്ടടുത്ത പന്തിൽ ഡാനിയേൽ സാംസിനെ (0) ജോസ് ബറ്റ്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അടുത്ത ബോളിൽ ചാഹലിന് ഹാട്രിക്ക് തികയ്ക്കാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും, മുരുഗൻ അശ്വിന്റെ ബാറ്റിൽ തട്ടിയ പന്ത് ഫസ്റ്റ് സ്ലിപ്പിൽ ഉണ്ടായിരുന്ന കരൺ നായർക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. ഇതോടെ നിരാശനായ ചാഹലിന്റെ അടുത്ത് ചെന്ന്, ‘സോറി യൂസി’ എന്ന് പറയുന്ന കരണിനെ ടെലിവിഷൻ റിപ്ലൈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു.