വാട്ടർ ബോയ് ആയി എത്തി അമ്പയർമാരോട് തമാശ പങ്കിടുന്ന ചഹൽ; ഇതിനാണോ ഇന്ത്യൻ ടീം അദ്ദേഹത്തെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ പ്ലെയിംഗ് ഇലവനിൽ ആണ് കളിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ, ഇന്ത്യ തങ്ങളുടെ പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റം വരുത്തിയിരുന്നു. അക്സർ പട്ടേലിനെ മാറ്റി പ്ലെയിങ് ഇലവനിൽ ദീപക് ഹൂഡക്ക് അവസരം നൽകുകയായിരുന്നു. എന്നാൽ, മത്സരത്തിനിടെ വാട്ടർ ബോയ് ആയി മൈതാനത്ത് എത്തി അമ്പയർമാരോട് തമാശ പങ്കിടുന്ന സ്പിന്നർ യുസ്വേന്ദ്ര ചഹലിന്റെ വീഡിയോ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ചഹലിനെ അനുകൂലിച്ച് രംഗത്ത് വരാൻ ആരംഭിച്ചു. ടി20 ലോകകപ്പിന് മുൻപ്, ടീമിനെ സജ്ജമാക്കുന്ന വേളകളിൽ എല്ലാം ചഹൽ ആയിരുന്നു ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നർ. എന്നാൽ, ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ചഹലിന് അവസരം നൽകിയിട്ടില്ല. ഓൾറൗണ്ട് കഴിവ് പരിഗണിച്ചാണ്, ഇന്ത്യ അശ്വിന് സ്ഥിരമായി അവസരം നൽകുന്നത്.

എന്നാൽ, ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ച അക്സർ പട്ടേലിന് ബൗളിംഗിൽ തിളങ്ങാനായില്ല എന്ന് മാത്രമല്ല, പാകിസ്ഥാനെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ട് അത് മുതലെടുക്കാനും സാധിച്ചില്ല. അതേസമയം, ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിൽ ദീപക് ഹൂഡക്ക് അവസരം ലഭിച്ചപ്പോൾ, അദ്ദേഹം ബാറ്റിംഗിൽ പൂർണ്ണ പരാജയമായിരുന്നു. മത്സരത്തിൽ ഹൂഡക്ക് ബോൾ നൽകിയതുമില്ല.

ഈ സാഹചര്യത്തിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നർ എന്ന നിലയ്ക്ക് ചഹലിനെ ഇന്ത്യക്ക് ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ ടി20 ലോകകപ്പിൽ ചഹലിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ ചർച്ചയായിരുന്നു. എന്നാൽ, പുരോഗമിക്കുന്ന ലോകകപ്പിൽ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടും അദ്ദേഹത്തിന് അവസരം നൽകുന്നില്ല എന്നത് നിരാശാജനകമാണ്. വരും മത്സരങ്ങളിൽ ചഹലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം.