10 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ തീരുമാനം പിഴച്ചു; പരാജയത്തിൽ നാണക്കേട് പേറി രോഹിത് ശർമ
ഇൻഡോർ ടെസ്റ്റിൽ അപ്രതീക്ഷിതമായി ഒന്നും തന്നെ നാലാം ദിനം സംഭവിക്കാതിരുന്നതിനാൽ, ബോർഡർ ഗവാക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നിൽ അടിയറവ് വെച്ചു. നേരത്തെ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആധികാരികമായ വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ഐസിസി ഫൈനൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുകയാണ്.
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ ദയനീയ പ്രകടനം കാഴ്ചവച്ചതോടെ, ഓസ്ട്രേലിയ 9 വിക്കറ്റിന്റെ ആധികാരികമായ വിജയമാണ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 109 റൺസിന് ഓൾഔട്ട് ആയതോടെ ക്യാപ്റ്റന്റെ തീരുമാനം തെറ്റായി ഭവിക്കുകയാണ് ചെയ്തത്. തുടർന്ന്, ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ വലിയ ലീഡ് കണ്ടെത്തുന്നതിൽ നിന്ന് തടഞ്ഞ്, 197 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

പക്ഷെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട് ആയതോടെ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഇതോടെ, 2012-ന് ശേഷം ടോസ് നേടി ഹോം ടെസ്റ്റ് പരാജയപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആയി മാറിയിരിക്കുകയാണ് രോഹിത് ശർമ. സാധാരണ, ഹോം ഗ്രൗണ്ടിന്റെ സ്ഥിതിഗതികൾ ആതിഥേയ ടീമിന്റെ ക്യാപ്റ്റൻമാർക്ക് നല്ല ബോധ്യം ഉണ്ട് എന്നതിനാൽ തന്നെ, അവർ ടോസ് നേടിയാൽ അനുയോജ്യമായ തീരുമാനങ്ങൾ ആണ് എടുക്കാറുള്ളത്.
എന്നാൽ, ഇൻഡോറിൽ രോഹിത് ശർമയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻമാർ എപ്പോഴും ഹോം ഗ്രൗണ്ടിനെ കുറിച്ച് നല്ല ബോധ്യം ഉള്ളവരാണ് എന്നതിനാൽ തന്നെയാണ്, 2012-ന് ശേഷം ഇന്നത്തെ മത്സരം പരാജയപ്പെടുന്നതിന് മുന്നോടിയായി, ഹോം ഗ്രൗണ്ടിൽ ഇന്ത്യ ടോസ് നേടിയ ടെസ്റ്റ് മത്സരങ്ങളിൽ ഒന്നും തന്നെ ഇന്ത്യ പരാജയപ്പെടാതിരുന്നത്. ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ ആണ് ഇൻഡോർ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.