‘കൂൾ’ ബട്ട്ലർ കലിപ്പനായി ; ദേഷ്യം സഹിക്കവയ്യാതെ ഹെൽമെറ്റ്‌ എടുത്തെറിഞ്ഞ് ബട്ട്ലർ

ഐപിഎൽ 15-ാം പതിപ്പിൽ ഗുജറാത്ത്‌ ടൈറ്റൻസ് ചാമ്പ്യന്മാരായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ്‌ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കെയാണ് ടൈറ്റൻസ് മറികടന്നത്. മാന്യമായ ടോട്ടൽ കണ്ടെത്താനാകാതിരുന്നതാണ് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായത്.

രാജസ്ഥാൻ റോയൽസ്‌ അവരുടെ സ്റ്റാർ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലറുടെ മേൽ വലിയ പ്രതീക്ഷകൾ പുലർത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്‌ലർ മികച്ച പ്രകടനമാണ് നടത്തിയത്, ടൂർണമെന്റിലുടനീളം അദ്ദേഹം ഓറഞ്ച് തൊപ്പി സൂക്ഷിക്കുകയും ചെയ്തു. ഐപിഎൽ 2022-ൽ നിർണ്ണായകമായ ക്വാളിഫയർ 2-ലെ സെഞ്ചുറി ഉൾപ്പെടെ ബട്ട്‌ലർ 4 സെഞ്ചുറികൾ നേടി. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവർക്കെതിരെയാണ് അദ്ദേഹം സെഞ്ചുറി നേടിയത്.

എന്നിരുന്നാലും, ഫൈനൽ പോരാട്ടത്തിൽ ബട്ട്‌ലർ വലിയ സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 35 പന്തിൽ 5 ഫോർ ഉൾപ്പടെ 39 റൺസാണ് ബട്ട്ലർ സ്കോർ ചെയ്തത്. ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13-ാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്ക് ക്യാച്ച് നൽകി ബട്ട്ലർ മടങ്ങുകയായിരുന്നു.

പുറത്തായതിന് ശേഷം വളരെ നിരാശനായ ബട്ട്‌ലർ ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ ഹെൽമെറ്റ്‌ ഉപയോഗിച്ച് മുഖം മറച്ചിരുന്നു. കൂടാതെ, പ്രകോപിതനായ ജോസ് ബട്ട്‌ലർ ദേഷ്യപ്പെട്ട് ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിന് മുമ്പ് രാജസ്ഥാൻ റോയൽസ് ഡഗൗട്ടിന് സമീപം തന്റെ ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു. എന്നിരുന്നാലും, ഐപിഎൽ 2022 ന്റെ ഫൈനലിൽ 39 റൺസ് നേടിയ ബട്ട്‌ലർ, ഒരു ഐ‌പി‌എൽ സീസണിലെ പ്ലേഓഫിൽ 200 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി.