ഇന്ത്യൻ ടീം പ്ലാൻസ് അടിപൊളി!! പുകഴ്ത്തി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടീം തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രശംസിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിലെ റൊട്ടേഷൻ പോളിസിയെ ആണ് മുൻ പാക് ക്യാപ്റ്റൻ പ്രത്യേകം അഭിനന്ദിച്ചത്. ടീം ഇന്ത്യയുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം രീതികൾ, വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ബെഞ്ച് സ്ട്രെങ്ത് വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്ന് സൽമാൻ ബട്ട് ചൂണ്ടിക്കാണിച്ചു.

പ്രത്യേകിച്ച്, രാഹുൽ ദ്രാവിഡ്‌ ടീം ഇന്ത്യയുടെ പരിശീലകനായ ശേഷം, ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരേസമയം വ്യത്യസ്ത പരമ്പരകൾക്ക് ഇന്ത്യൻ ടീമുകളെ തയ്യാറാക്കിയത് ഉൾപ്പെടെ, ക്യാപ്റ്റൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവ കളിക്കാർക്ക് പ്രാധാന്യം നൽകിയിട്ടുള്ള സ്ക്വാഡുകളെ വിദേശ പര്യടനത്തിനയക്കുന്നത് വരെ ഇന്ത്യൻ ടീമിൽ നിർണായകമായ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സൽമാൻ ബട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

“ഇന്ത്യൻ ടീമിൽ ഇപ്പോൾ റൊട്ടേഷൻ പോളിസി സാധാരണമാണ്. വ്യത്യസ്ത പരമ്പരകൾക്ക് ഇന്ത്യൻ ടീം വ്യത്യസ്ത ടീമുകളെ അണിയിച്ചൊരുക്കാൻ ഇന്ത്യൻ ടീം ഇന്ന് പ്രാപ്തരായിരിക്കുന്നു. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി, യുവ കളിക്കാർക്ക് അവസരം നൽകിക്കൊണ്ട് ടീം തിരഞ്ഞെടുക്കുന്ന രീതി, ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നു,” സൽമാൻ ബട്ട് പറയുന്നു.

“ഇത്‌ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഭാവിയിൽ ടീമിന് ഗുണകരമായി ഫലിക്കും. വരുന്ന, സിംബാബ്‌വെ പര്യടനത്തിൽ മുഖ്യ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ വിവിഎസ് ലക്ഷ്മൺ വരുന്നതിലൂടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും വിശ്രമം ലഭിക്കും. ഇതെല്ലാം, വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണ്,” ഇന്ത്യൻ ടീമിൽ വന്ന മാറ്റങ്ങളെ പ്രകീർത്തിച്ചുകൊണ്ട് മുൻ പാക് ക്യാപ്റ്റൻ പറഞ്ഞു. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെഎൽ രാഹുൽ ആണ് ഇന്ത്യൻ ടീമിനെ നയിക്കുക.