യോർക്കർ എറിയുന്നവർക്ക് ബുംറയുടെ വക ഐപാഡ് ; ചലഞ്ച് ഏറ്റെടുത്ത് മെറെഡിത്

കളിക്കാരുടെ നെറ്റ്സിലെ പരിശീലന സെഷനുകളുടെ വീഡിയോ ക്ലിപ്പുകൾ പലപ്പോഴും ആരാധകരിൽ ചിരി പടർത്തുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്. മുംബൈ ഇന്ത്യൻസിന്റെ പേസ് ജോഡികളായ ജസ്‌പ്രീത് ബുംറയും റിലെ മെറെഡിത്തുമാണ് വീഡിയോയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

നെറ്റ്സിൽ പരിശീലനം പുരോഗമിക്കുന്നതിനിടെ മെറെഡിത് ഒരു കുസൃതി കാണിച്ചു. അടുത്ത പന്ത് യോർക്കർ എറിയുന്നവർക്ക് ബുംറ ഒരു ഐപാഡ് വാഗ്ദാനം ചെയ്യുന്നു എന്ന് മെറെഡിത് പറഞ്ഞു. മെറെഡിത് പറഞ്ഞ കാര്യം കേട്ട് ബുംറ ആദ്യമൊന്ന് ഞെട്ടി, തുടർന്ന് താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും പറഞ്ഞു. ശേഷം, ബുംറ ആ ചലഞ്ചിന് സമ്മതിച്ചു, മെറെഡിത് അടുത്ത ബോൾ യോർക്കർ എറിഞ്ഞാൽ താൻ ഒരു ഐപാഡ് നൽകാം എന്നായി ബുംറ.

ചലഞ്ച് ഏറ്റെടുത്ത മെറെഡിത്, ഒരു യോർക്കർ എറിയാൻ ശ്രമിച്ചെങ്കിലും, പന്ത് ഒരു ഫുൾ ടോസ് ആയിയാണ് ബാറ്ററിലേക്കെത്തിയത്. അതോടെ, ഐപാഡും പോയി ഫുൾ ടോസും ആയി എന്ന് പറഞ്ഞ് ബുംറ മെറെഡിത്തിനെ കളിയാക്കി. ടൂർണമെന്റിലേക്ക് വന്നാൽ, ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ്‌ മുംബൈ ഇന്ത്യൻസ് കടന്നു പോകുന്നത്. ബൗളിംഗ് ഡിപ്പാർട്മെന്റ് മുംബൈക്ക് തലവേദനയാകുമ്പോൾ, അതിൽ ഇതുവരെ സ്റ്റാർ പേസർ ബുംറക്ക് ഫോം കണ്ടെത്താനായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

9 കളികളിൽ നിന്ന് 5 വിക്കറ്റ് മാത്രമാണ് ബുംറക്ക് നേടാനായത്. കൂടാതെ, റൺസുകൾ ധാരാളമായി വിട്ടുനൽകുന്നതും ബുംറയുടെ മോശം ഫോമിനെ അടിവരയിട്ട് കാണിക്കുന്നു. അതേസമയം, 3 കളികളിൽ നിന്ന് 5 വിക്കറ്റ് ആണ് ഓസ്ട്രേലിയൻ പേസർ റിലെ മെറെഡിത്തിന്റെ സമ്പാദ്യം. 9 കളികളിൽ നിന്ന് ഒരു ജയത്തോടെ 2 പോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്.