ഒരൊറ്റ സീസണിൽ ഐപിൽ ഹീറോ 😱പിന്നീട് സീറോയായ താരം

മൻവീന്ദർ ബിസ്‌ല, ഐപിഎൽ ആരാധകർക്ക് കേട്ടുകേൾവിയുള്ള പേരാണെങ്കിലും, അന്താരാഷ്ട്ര ക്രിക്കറ്റ്‌ മാത്രം കാണുന്നവർക്ക് അത്ര പരിചിതമല്ലാത്ത നാമം. 2002 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ മീഡിയം പേസറായിരുന്നു, ഹരിയാനക്കാരനായ മൻവീന്ദർ ബിസ്‌ല. എന്നാൽ, 2002 രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബിസ്‌ല, ഒരു വിക്കറ്റ് കീപ്പർ – ബാറ്ററുടെ റോളിലാണ് പ്രത്യക്ഷപ്പെട്ടത്.

തുടർന്നങ്ങോട്ടും അദ്ദേഹം ആ വേഷത്തിൽ തന്നെ തുടർന്നു. എന്നാൽ, ഒരു സീസൺ മാത്രം ഹരിയാനക്ക് വേണ്ടി കളിച്ച ശേഷം, 2003/04 സീസണിൽ ബിസ്‌ല ഹിമാചൽ പ്രദേശിലേക്ക് മാറി. ആഭ്യന്തര ക്രിക്കറ്റിൽ ചില മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചെങ്കിലും, പാർഥിവ് പട്ടേൽ, എംഎസ് ധോണി, ദിനേശ് കാർത്തിക് എന്നിവരെ മറികടന്ന് ദേശീയ കുപ്പായമണിയുന്നതിൽ ബിസ്‌ല പരാജയപ്പെട്ടു.

എന്നിരുന്നാലും, 2009-ൽ ഐപിഎൽ ഫ്രാഞ്ചൈസിയായ ഡെക്കാൻ ചാർജേഴ്സ് ബിസ്‌ലയെ സ്വന്തകമാക്കിയത്, അദ്ദേഹത്തിന്റെ ക്രിക്കറ്റ്‌ കരിയറിൽ വലിയൊരു വഴിത്തിരിവായി. അരങ്ങേറ്റ സീസണിൽ ആദ്യ ഐപിഎൽ മത്സരം കളിക്കാൻ ആയില്ലെങ്കിലും, ജേതാക്കളായ ടീമിന്റെ ഭാഗമാവാൻ ബിസ്‌ലക്ക്‌ അവസരം ലഭിച്ചു. 2010 ഐപിഎൽ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയതോടെ, താരത്തിന് ഐപിഎൽ അരങ്ങേറ്റത്തിനുള്ള അവസരവും ഒരുങ്ങി.

തുടർന്ന്, 2011-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ താരത്തെ സ്വന്തമാക്കി. സീസണിലെ ആദ്യ മത്സരങ്ങളിൽ ബ്രാഡ് ഹാഡിൻ ലഭ്യമല്ലാതിരുന്നതോടെ, ബിസ്‌ല കെകെആറിന്റെ വിക്കറ്റ് കീപ്പറായി. പിന്നീടുള്ള സീസണുകളിൽ ഫ്രാഞ്ചൈസിയുടെ പ്രധാന താരങ്ങളിൽ ഒരാളായി മാറിയ ബിസ്‌ല, 2012 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 48 പന്തിൽ 89 റൺസ് നേടി കെകെആറിനെ വിജയത്തിലേക്ക് നയിച്ചു. തുടർന്നുള്ള സീസണുകളിലും കോൽക്കത്തയുടെ ഭാഗമായ ബിസ്‌ല, ഒടുവിൽ 2015 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചത്