ആദ്യ കളിയിലെ പൂജ്യത്തിൽ നിന്നും ഇതിഹാസത്തിലേക്ക് 😱വാഴ്ത്തപെടാതെ പോകുന്ന ലങ്കൻ ഇതിഹാസം

ഓരോ തവണ ക്രീസിലേക്ക് ബാറ്റുമായി വരുമ്പോൾ ഒരു പ്രതീക്ഷ അയാൾക്കുണ്ടായിരുന്നു. ഒരു റൺസ് എങ്കിൽ ഒരു റൺസ് അതെങ്കിലും തനിക്ക് നേടണം , പക്ഷേ അത് ഉണ്ടായില്ല. ഒരുപാട് വട്ടം പൂജ്യനായി മടങ്ങിയ ആ താരത്തിൽ ഒരു സ്പാർക്ക് കണ്ടെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അയാൾക്ക് വീണ്ടും അവസരങ്ങൾ നല്കി ,ഒടുവിൽ സീറോ യിൽ നിന്നും “ഹീറോ” യിലേക്കുള്ള ആ താരത്തിന്റെ പരിണാമത്തിൽ ബോർഡിനൊപ്പം ക്രിക്കറ്റ് ലോകം മുഴുവൻ സന്തോഷിച്ചു .

കളിച്ച ആറ് ടെസ്റ്റ് ഇന്നിംഗ്സിൽ അഞ്ചിലും പൂജ്യനായി മടങ്ങി വർഷങ്ങൾക്ക് ശേഷം ടീമിനായി ആറ് ഡബിൾ സെഞ്ചുറികൾ നേടിയ ആ താരത്തിന്റെ പേരാണ് – മർവെൻ അട്ടപ്പട്ടുഇരുപതാം വയസിൽ ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ ചണ്ഡീഗഡ് വച്ച് 1990 ൽ ആയിരുന്നു അട്ടപ്പട്ടു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്, ലങ്കൻ ഇന്നിങ്സിൽ ഏഴാമനായി ക്രീസിൽ എത്തിയ അട്ടപ്പട്ടു ആ ഇന്നിംഗിസിലെ അഞ്ചാമത്തെ പൂജ്യനായി മടങ്ങി. അതുകൊണ്ടുതന്നെ ലങ്കൻ ഇന്നിംഗ്സ് 82 ന് അവസാനിച്ചു. ഇടം കൈ ബൗളറായ വെങ്കിടപതി രാജു ശ്രീലങ്കയെ വിരട്ടി ആറു വിക്കറ്റ് നേട്ടവും കുറിച്ചു. രണ്ടാം ഇന്നിങ്സിലും ഒന്നാമത്തേതിലും മികച്ചതായി ഒന്നും നല്കാൻ അട്ടപ്പട്ടുവിനു കഴിഞ്ഞില്ല. ഒരിക്കൽ കൂടി പൂജ്യനായി മടങ്ങി.

പൂജ്യനായി പലവട്ടം പരാജയപ്പെട്ട് മടങ്ങിയ താരത്തിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന ലങ്കൻ ടീം അയാൾക്ക് തുടർച്ചയായി അവസരങ്ങൾ നല്കി. ആ വിശ്വാസത്തിന് , മികച്ച ഇന്നിംഗ്സുകളിലൂടെ താരം നന്ദി പ്രകടിപ്പിച്ചു. ആക്രമണ ശൈലിയുടെ ആശാനായ സനത് ജയസൂര്യയുമായി ചേർന്ന് താരം എതിരാളികളെ കടന്നാക്രമിക്കുമ്പോൾ ആ ബാറ്റിംഗ് വിരുന്ന് കാണികൾ ആസ്വദിച്ചു. ” ഹൈ എൽബോ കവർ ഡ്രൈവ് ” ആയിരുന്നു താരത്തിന്റെ മാസ്റ്റർ സ്ട്രോക്ക് എന്ന് പറയാം.

ഒടുവിൽ വിരമിക്കുമ്പോൾ 268 ഏകദിന മത്സരങ്ങളിൽ നിന്നും 36 നു മുകളിൽ ആവറേജിൽ 8500 ൽ പരം റൻസുകൾ നേടിയിട്ടുണ്ട്, ഇതിൽ 11 സെഞ്ചുറികളും 58 അർദ്ധ സെഞ്ചുറികളും പെടും. ഏകദിനത്തിൽ അദ്ദേഹത്തിന്റെ ഈ മികച്ച റെക്കോർഡുകൾ ഒന്നും പലപ്പോഴും പ്രശംസിച്ച് കേട്ടിട്ടില്ല. 90 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 5500 ൽ പരം റൺസും നേടിയിട്ടുണ്ട്. ഇതിൽ 18 സെഞ്ചുറികളും 17 അർദ്ധ സെഞ്ചുറികളുമാണ്. അദ്ദേഹത്തിന്റെ കോൺവെർസേഷൻ റേറ്റ് വളരെ ശ്രദ്ധേയമാണ്. മഹാന്മാരായ കളിക്കാരുടെ പട്ടികയിൽ ഇടം നേടിയില്ലെങ്കിലും ഈ റെക്കോർഡുകൾ തീർച്ചയായും അദ്ദേഹത്തെ മികച്ച കളിക്കാരുടെ പട്ടികയിൽ ഇടം നേടിക്കൊടുക്കും.