ആദ്യം ഏഷ്യ, പിന്നെ ലോകം; പ്രൊമോ വീഡിയോ പങ്കുവെച്ച് രോഹിത്;Video

വരാൻ പോകുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രചോദനം നൽകുന്ന വീഡിയോ പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏഷ്യ കപ്പിന്റെ ഓഫീഷ്യൽ ബ്രോഡ്കാസ്റ്റിംഗ് ചെയ്യുന്ന സ്റ്റാർ സ്പോർട്സ് നിർമിച്ച വീഡിയോ കഴിഞ്ഞ ദിവസം രോഹിത് ശർമ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കുന്ന ടൂർണമെന്റിനായി ഓരോ ദിവസം കഴിയുന്തോറും ആരാധകരുടെ ആവേശം കൂടി വരികയാണ്. ഓഗസ്റ്റ് 28 ന്‌ ചിരവൈരികളായ പാക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകൾ പങ്കെടുക്കുന്ന ‘സൂപ്പർ ഫോർ’ ഘട്ടത്തിലും ഒരു ഇന്ത്യ – പാക്ക്‌ പോരാട്ടം പ്രതീക്ഷിക്കാം. അതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തുമ്പോൾ അത് ഇന്ത്യയും പാക്കിസ്ഥാനും ആയാൽ മൊത്തം മൂന്ന് ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ അരങ്ങേറാൻ ഉള്ള ഒരു സാധ്യതയുണ്ട്.

ഏഴ് തവണ നമ്മൾ ഏഷ്യൻ ചാമ്പ്യൻമാരായി. ഇപ്പോൾ ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം നമ്പർ പദവിയും കൈവശപ്പെടുത്തിയിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ ലോക റെക്കോർഡ് പ്രകടനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ തന്നെ ആയാലും 140 കോടി ജനങ്ങൾ ‘ ഇന്ത്യ ഇന്ത്യ’ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന അഭിമാനവും സന്തോഷവും സംതൃപ്തിയും മറ്റൊന്നിനും ലഭിക്കില്ല, എന്ന് രോഹിത് പറയുന്നു വീഡിയോയിലൂടെ. എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ തേടുന്ന അദ്ദേഹം നമ്മുക്ക് ഒന്നിച്ച് ഈ ലോകം കീഴടക്കാമെന്നും അതിനു മുന്നോടിയായി ആദ്യം ഏഷ്യ കീഴടക്കണം എന്നും പറയുകയാണ്.

നേരത്തെ ശ്രീലങ്കയിൽ വെച്ചായിരുന്നു ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ മത്സരം നടത്താൻ സാധിക്കാതെ വന്നതോടെയാണ് യുഎഇയിൽ വെച്ച് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥ്യം വഹിച്ച ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങളും യുഎഇയിൽ വെച്ചാണ് നടത്തിയത്. അന്ന് ഇന്ത്യയിലെ കൊവിഡ് കാരണമായിരുന്നു വേദി മാറ്റിയത്.