അവൻ സൂപ്പർ അവന് എല്ലാം അറിയാം!! വാനോളം പുകഴ്ത്തി ഭുവി

യുവ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗിന്റെ കളിക്കളത്തിലെ പക്വത കണ്ട് അമ്പരന്ന് ഇന്ത്യയുടെ സീനിയർ ഫാസ്റ്റ് ബൗളർ ഭൂവനേശ്വർ കുമാർ. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക്, ടീം മാനേജ്മെന്റ് പരിഗണിക്കുന്ന ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് 23-കാരനായ അർഷദീപ് സിംഗ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി നടത്തിയ ശ്രദ്ധേയ പ്രകടനമാണ് അർഷദീപ് സിംഗിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള കോൾ-അപ്പ് ലഭിക്കാൻ കാരണമായത്.

യോർക്കറുകൾ എറിയുവാനുള്ള കഴിവും, ഡെത്ത് ഓവറുകളിൽ സമ്മർദ്ദത്തെ തരണം ചെയ്ത് കൂളായി ബോൾ ചെയ്യാനുമുള്ള കഴിവാണ് അർഷദീപ് സിംഗിനെ മറ്റു യുവ പേസർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ അന്താരാഷ്ട്ര ടി20 മത്സരത്തിൽ 2-18, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 2-24 എന്നിങ്ങനെ തുടർച്ചയായി മികച്ച സ്പെല്ലുകളാണ് അർഷദീപ് സിംഗ് കാഴ്ചവെക്കുന്നത്.

“എന്താണ് അയാളുടെ (അർഷദീപ് സിംഗ്) മികച്ചത് എന്ന് ചോദിച്ചാൽ, ടീമിന് എന്താണ് അയാളിൽ നിന്ന് ആവശ്യമെന്ന് അയാൾക്ക് അറിയാം,” അർഷദീപ് സിംഗിനെ കുറിച്ച് ഭൂവനേശ്വർ കുമാർ പറയുന്നു. “താൻ ബോൾ ചെയ്യുമ്പോൾ ഏത് ഫീൽഡിങ് ആണ് സെറ്റ് ചെയ്യേണ്ടത്, ഓരോ ബാറ്റർമാർക്ക് എതിരെയും ഏതുതരത്തിലുള്ള ബോളുകൾ ആണ് ചെയ്യേണ്ടത്, ഇത്തരം കാര്യങ്ങളിൽ എല്ലാം അവന് നല്ല ബോധ്യമുണ്ട്,” ഭൂവനേശ്വർ കുമാർ പറയുഞ്ഞു.

“വളരെ ചുരുക്കം യുവ കളിക്കാർക്ക് മാത്രമേ ഇത്രയും പക്വത കാണാൻ സാധിക്കുകയുള്ളൂ. സാധാരണ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോഴാണ് ഓരോരുത്തരുടെയും പക്വത വർദ്ധിക്കുക. എന്നാൽ, ഈ പ്രായത്തിൽ തന്നെ അവൻ നല്ല പക്വതയോടെയാണ് ഇന്ത്യൻ ടീമിലേക്ക് വന്നത്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും സ്ഥിരതയാർന്ന പ്രകടനം അവൻ കാഴ്ചവെക്കുന്നുണ്ട്. അവന്റെ ഗെയിമിനെ കുറിച്ച് അവന് കൃത്യമായ പ്ലാനിങ് ഉണ്ട്,” ഭൂവനേശ്വർ കുമാർ പറഞ്ഞു.