8 വർഷങ്ങൾക്കുശേഷം പ്രതികാരം തീർത്ത് രവീന്ദ്ര ജഡേജ ; ജെയിംസ് ആൻഡേഴ്സന്റെ പരിഹാസത്തിന് ജഡേജയുടെ മറുപടി

എഡ്ജ്ബാസ്റ്റണിൽ പുരോഗമിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ തകർന്നടിഞ്ഞപ്പോൾ തുണയായത് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് പ്രകടനമായിരുന്നു. ഇരുവരും സെഞ്ച്വറി നേടിയതോടൊപ്പം, 6-ാം വിക്കറ്റിൽ 222 റൺസിന്റെ നിർണായക കൂട്ടുകെട്ടും കെട്ടിപ്പടുത്തു.

ഇപ്പോൾ, മത്സരത്തിനിടെ മാധ്യമങ്ങളെ കണ്ട രവീന്ദ്ര ജഡേജ പ്രതികരിച്ച രീതിയാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത്. നേരത്തെ, 2014-ൽ ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണും രവീന്ദ്ര ജഡേജയും തമ്മിൽ മൈതാനത്ത് കൊമ്പ് കോർത്തിരുന്നു. അന്ന് ആൻഡേഴ്സൺ ജഡേജയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഐസിസി ആൻഡേഴ്സണെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അതിനുശേഷം ജഡേജയെ പരിഹസിക്കുന്ന രീതിയിലുള്ള പ്രതികരണവും ആൻഡേഴ്സൺ നടത്തിയിരുന്നു.

“ജഡേജയുടെ ബാറ്റിംഗിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. നേരത്തെ, എട്ടാമനായി ബാറ്റ്‌ ചെയ്തിരുന്ന ജഡേജ, ഇപ്പോൾ കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാനായി ഏഴാമനായി ഇറങ്ങുന്നു. അത്രമാത്രമേ ജഡേജയുടെ ബാറ്റിംഗിൽ മാറ്റം വന്നിട്ടുള്ളൂ,” ജെയിംസ് ആൻഡേഴ്സൺ പരിഹാസകരമായി 2014-ൽ ജഡേജക്കെതിരെ ഇങ്ങനെ പ്രതികരിച്ചു. ഇപ്പോൾ എട്ടു വർഷങ്ങൾക്കുശേഷം ജഡേജ ആൻഡേഴ്സണ് വാക്കുകൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ്.

“ഞാൻ ഏത് പൊസിഷനിൽ ഇറങ്ങിയാലും, മികച്ച രീതിയിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അക്കാര്യം ആൻഡേഴ്സണ് ബോധ്യപ്പെട്ടിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു,” ജഡേജ പ്രതികരിച്ചു. അതോടൊപ്പം സെഞ്ച്വറി നേട്ടത്തിൽ നിർണായകമായ ചില തീരുമാനങ്ങളും ജഡേജ വെളിപ്പെടുത്തി. സ്റ്റംപിൽ നിന്ന് ഔട്ട്‌സൈഡ് പോകുന്ന ബോളുകൾ താൻ ലീവ് ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നും അത് ഫലം കണ്ടു എന്നും ജഡേജ വെളിപ്പെടുത്തി.