സച്ചിന്റെ ഔട്ടിൽ നിങ്ങൾ എന്നെ ചതിച്ചില്ലേ😱ഇന്ത്യക്കെതിരെ തുറന്നടിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ സയീദ് അജ്മൽ

ഇന്ത്യ ദക്ഷിണാഫ്രിക്ക കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം ദിനം (ജനുവരി 13), ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ മൈതാനത്ത് അരങ്ങേറിയ ഇന്ത്യൻ കളിക്കാരുടെ രോഷപ്രകടനങ്ങൾ ക്രിക്കറ്റ്‌ ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കി. 212 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പ്രോട്ടീസ് ക്യാപ്റ്റൻ ഡീൻ എൽഗർ ആർ അശ്വിന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയും, തുടർന്ന് ഓൺ-ഫീൽഡ് അമ്പയർ മറെയ്‌സ് ഇറാസ്മസ് ഔട്ട്‌ വിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ, എൽഗർ ഡിആർഎസ് ആവശ്യപ്പെട്ടതോടെ, അമ്പയറുടെ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കി. റിപ്ലൈ ദൃശ്യങ്ങളിൽ പന്ത് കൃത്യമായ ലൈനിൽ എൽഗറിന്റെ കാൽമുട്ടിന് താഴെ തട്ടിയതായി വ്യക്തമായെങ്കിലും, ഹൗക് ഐ പ്രോജക്ഷനിൽ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുന്നതായി കാണിച്ചതോടെ, ഫീൽഡ് അമ്പയറുടെ തീരുമാനം തിരുത്തി തേർഡ് അമ്പയർ നോട്ടഔട്ട്‌ വിളിക്കുകയായിരുന്നു. ഈ തീരുമാനത്തിൽ രോഷാകുലരായ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയും, സഹതാരങ്ങളും തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ആതിഥേയ ബ്രോഡ്‌കാസ്റ്ററെ പരിഹസിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇന്ത്യൻ കളിക്കാരുടെ സമീപനത്തിനെതിരെ നിരവധി മുൻ താരങ്ങൾ രംഗത്തെത്തിയതോടെ സംഭവം വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇപ്പോൾ, ഇക്കാര്യത്തിൽ മുൻപ് നടന്നൊരു സംഭവം ഉയർത്തിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ സയീദ് അജ്മൽ. “ഡീൻ എൽഗറിന്റെ വിക്കറ്റ് റിവ്യൂ ഞാൻ പലതവണ കണ്ടു. ആ ദൃശ്യങ്ങൾ കണ്ടാൽ പന്ത് സ്റ്റംപിന് മുകളിലൂടെ പോകും എന്ന് ആർക്കും പറയാനാവില്ല. പന്ത് കാൽമുട്ടിന് താഴെ തട്ടുന്നതും വ്യക്തമാണ്. എന്നാൽ ഇന്ത്യക്ക്‌ ഇക്കാര്യത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവകാശമില്ല. 2011 ലോകകപ്പിൽ, എന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ തീരുമാനം ഡിആർഎസ് മാറ്റിയപ്പോൾ, ഡിആർഎസ് വിശ്വസനീയവും കൃത്യവുമായ സാങ്കേതികതയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു,” സയീദ് അജ്മൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചു.

“അതുകൊണ്ട് തന്നെ, ഇന്ത്യ ഇപ്പോൾ എങ്ങനെയാണ് ഡിആർഎസ് സാങ്കേതികവിദ്യ വിശ്വസനീയവും ശരിയുമല്ലെന്ന് പറയുന്നത്. വിധി നിങ്ങൾക്ക് എതിരായതിനാൽ ഡിആർഎസ് ശരിയല്ല എന്നാണോ,” സയീദ് അജ്മൽ കൂട്ടിച്ചേർത്തു. 2011 ഏകദിന ലോകകപ്പ് സെമിഫൈനലിലെ മൊഹാലിയിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ അജ്മലിന്റെ ബൗളിങ്ങിൽ സച്ചിൻ എൽബിഡബ്ല്യൂവിൽ കുടുങ്ങിയപ്പോൾ, അതിൽ നിന്ന് സച്ചിൻ രക്ഷപെടാൻ ഇടയാക്കിയ വിവാദ ഡിആർഎസ് തീരുമാനമാണ് അജ്മൽ അനുസ്മരിച്ചത്.