ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ, പരമ്പര ഇതിനോടകം സുരക്ഷിതമാക്കി വെച്ചിട്ടുണ്ട്. എന്നാൽ, ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം നേടി, പരമ്പര സമനിലയിൽ അവസാനിപ്പിക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഓസ്ട്രേലിയ ഇൻഡോർ ടെസ്റ്റിൽ ഇന്ത്യയെ നേരിടാൻ എത്തിയിരിക്കുന്നത്.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചില വ്യക്തിപരമായ കാരണങ്ങളാൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിയതിനാൽ, സ്റ്റീവ് സ്മിത്ത് ഇന്നത്തെ മത്സരത്തിൽ ഓസ്ട്രേലിയയെ നയിക്കുന്നത്. ടീമിൽ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് നടത്തിയിരിക്കുന്നത്. കമ്മിൻസിന് പകരം സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക് ഓസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായ സ്റ്റാർക്, ഓസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ, സന്ദർശകരുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് കൂടുതൽ കരുത്തുള്ളതായിരിക്കുകയാണ്.

ഓസ്ട്രേലിയൻ ടീമിലെ മറ്റൊരു ശ്രദ്ധേയമായ പേര് ഓൾറൗണ്ടർ ക്യാമറൂൺ ഗ്രീനിന്റേതാണ്. മീഡിയം പേസർ കൂടിയായ ഗ്രീൻ ടീമിൽ എത്തുന്നതോടെ, ഓസ്ട്രേലിയൻ ടീം കൂടുതൽ സന്തുലിതാവസ്ഥ കൈവരിച്ചിരിക്കുകയാണ്. ബൗളിംഗ് മികച്ച പ്രകടനം നടത്താൻ കഴിവുള്ള ക്യാമറൂൺ ഗ്രീനിന്, ബാറ്റിംഗിൽ അതിവേഗം റൺസ് ഉയർത്താനും സാധിക്കും. മാത്രമല്ല, ഒരു ബാറ്റർക്ക് പകരം ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചത് ഓസ്ട്രേലിയക്ക്, കൂടുതൽ പരീക്ഷണങ്ങൾ നടത്താനും സഹായകരമായിരിക്കുന്നു.
ഈ രണ്ട് താരങ്ങൾക്കും പുരോഗമിക്കുന്ന മത്സരത്തിൽ ഇതുവരെ വ്യക്തിപരമായ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും, രണ്ട് പേരുടെയും ടീമിലേക്കുള്ള തിരിച്ചുവരവ് ഓസ്ട്രേലിയക്ക് ഗുണകരമായ ഇമ്പാക്ട് നൽകിയിരിക്കുന്നു. ഇതിന്റെ തിരിച്ചടി ഇന്ത്യക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ,109/10 എന്ന നിലയിലേക്ക് തകർന്നടിഞ്ഞിരിക്കുന്നു. മാത്യു കുൻഹെമൻ ഓസ്ട്രേലിയക്ക് വേണ്ടി5 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നഥാൻ ലിയോൺ 3 വിക്കറ്റുകളും വീഴ്ത്തി.